Jan 6, 2013

അന്നയുടേയും റസൂലിന്‍റെയും പ്രണയകാലത്തില്‍

മികച്ചതായിരിക്കുമെന്ന പ്രതീക്ഷയുള്ള പുസ്തകങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്കുമായുള്ള കാത്തിരിപ്പ്‌ വല്ലാത്തതാണ്. പക്ഷേ, നമ്മളെ അങ്ങനെ വിഷമിപ്പിക്കാന്‍ ഇപ്പോള്‍ നമുക്കിടയില്‍ ഒരുപാട് എഴുത്തുകാരും ചലച്ചിത്രകാരന്മാരുമില്ല. സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക് 2013 കുറച്ച് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. രാജീവ്‌ രവിയുടെ 'അന്നയും റസൂലും', എം.ടിയുടെ രചനയില്‍ 'ഏഴാമത്തെ വരവ്', ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ ' ആമേന്‍ ', അമല്‍ നീരദ്‌ നിര്‍മ്മാണ കമ്പനിയുടെ Anthology ചിത്രം 'അഞ്ച് സുന്ദരികള്‍'. ഈ നിര ഇനിയും നീട്ടേണ്ടി വരും. ഈ കുറിപ്പ്‌ 'അന്നയേയും റസൂലിനേയും' കുറിച്ചാണ്..


പ്രണയകഥകള്‍ക്ക് എന്നും മാതൃകാരൂപമായ, വിഖ്യാതര്‍ 'റോമിയോ-ജൂലിയറ്റാ'ണ് അന്ന-റസൂല്‍ പ്രണയത്തിന്‍റെ ആധാരശില. പുതിയ കാലത്തില്‍ , വിശാല കൊച്ചിയില്‍ ,  രാജീവ്‌ രവി - ജി സേതുനാഥ് (സേതുനാഥ് FTII, പൂനെയില്‍ നിന്നും ചിത്രസംയോജനം പൂര്‍ത്തിയാക്കിയിട്ടുണ്ട്) - സന്തോഷ് എച്ചിക്കാനം എന്നിവര്‍ ചേര്‍ന്ന്‍ രൂപം നല്‍കിയ കഥക്ക് തിരക്കഥാരൂപം ഒരുക്കിയത്‌ ചെറുകഥാകൃത്ത് കൂടിയായ സന്തോഷ് എച്ചിക്കാനമാണ്. ഏറെ കാലങ്ങളായി നാട്ടിലെ സിനിമാക്കാര്‍ വരയ്ക്കുന്ന വെറുമൊരു 'കൊച്ചി'യല്ല, 'ഛോട്ടാ മുബൈ'യുമല്ല, രാജീവ്‌ രവിയുടെ കൊച്ചി. ഇതില്‍ ഫോര്‍ട്ട്കൊച്ചിയും മട്ടാഞ്ചേരിയും വൈപ്പിനും ജെട്ടിയും എറണാകുളം നഗരവും, ആ നാടും നാട്ടുകാരും ഭാഷയും സംസ്കാരവും 'വിശാലമായി' അടയാളപ്പെടുത്തുന്നുണ്ട്. ഒരു ഉദാഹരണത്തിന് ചിത്രാരംഭത്തിലെ പള്ളിപ്പെരുന്നാള്‍. ഇത്രയും യഥാതഥമായി ആവിഷ്ക്കരിക്കപ്പെട്ട പള്ളിപ്പെരുന്നാള്‍ മുന്‍പ് ഒരു മലയാള ചിത്രത്തിലും കണ്ടതായി ഓര്‍ക്കുന്നില്ല. അങ്ങിനെയങ്ങിനെ കേവലമൊരു നാട്ടില്‍ സംഭവിക്കാവുന്ന കഥയേക്കാള്‍ ആ നാടിന്‍റെ സ്വഭാവ-സംസ്കാര സവിശേഷതകള്‍ കൂടി ഇതിലെ കഥാപാത്രങ്ങള്‍ക്കൊപ്പം നില്‍ക്കുകയും, പെരുമാറുകയും, പോരടിക്കുകയും ചെയ്യുന്നുണ്ട്.

Synopsis:

കപ്പലില്‍ പണിയെടുക്കുന്ന ആഷ്ലിയുടെ ഓര്‍മ്മയിലൂടെയാണ് 'അന്നയും റസൂലും' അവതരിപ്പിക്കപ്പെടുന്നത്. മട്ടാഞ്ചേരിയില്‍ താമസക്കാരായ പൊന്നാനിക്കാരാണ് ഹൈദറും ഇളയ സഹോദരന്‍ റസൂലും. ജങ്കാറില്‍ പണിയെടുക്കുന്ന ഹൈദര്‍ , കഴിഞ്ഞ കുറേ നാളുകളായി ഗള്‍ഫില്‍ പോകുവാന്‍ പാസ്‌പോര്‍ട്ടിന് ശ്രമിക്കുന്നു. റസൂല്‍, ഫോര്‍ട്ട് കൊച്ചിയില്‍ ടൂറിസ്റ്റ് ടാക്സി ഓടിക്കുന്നു. റസൂലിന്‍റെ സുഹൃത്തുക്കളാണ് അബുവും കോളിനും.

നിശ്ചയമില്ലാത്ത അബുവിന്‍റെ ആവശ്യങ്ങളോടൊപ്പം യാത്ര ചെയ്യവേ റസൂല്‍ , യാദൃശ്ചികമായി അന്നയെ കണ്ടുമുട്ടുന്നു. കൊച്ചി നഗരത്തിലെ ഒരു മുന്‍നിര വസ്ത്രവ്യാപാര കേന്ദ്രത്തില്‍ സെയില്‍സ്‌ ഗേളായിരുന്നു വൈപ്പിന്‍കാരിയായ അന്ന. എന്നാല്‍ അന്നയുടെയും റസൂലിന്‍റെയും മാത്രം കഥയല്ല ഈ ചിത്രം. ഇതില്‍ കൊച്ചിയിലെ ജീവിതമുണ്ട്, അവിടത്തെ ഇഷ്ടങ്ങളും നേരമ്പോക്കുകളും, സ്നേഹവും പരിഭവങ്ങളും, സൗഹൃദങ്ങളും വിരോധവും, പകയും പ്രതികാരവുമുണ്ട്.

കഥാപാത്രങ്ങള്‍ക്ക് തീര്‍ത്തും അനുയോജ്യരെന്ന് തോന്നിപ്പിക്കുന്നതാണ് ചിത്രത്തിലെ മിക്കവാറും എല്ലാ അഭിനേതാക്കളുടേയും തെരഞ്ഞെടുപ്പ്. അതില്‍ താരങ്ങള്‍ മുതല്‍ ഫോര്‍ട്ട്കൊച്ചിയിലേയും മട്ടാഞ്ചേരിയിലേയും നാട്ടുകാരും, മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകരുമുണ്ട്. രഞ്ജിത്, പി ബാലചന്ദ്രന്‍, ആഷിക്ക് അബു, ജോയ്‌ മാത്യു (ഷട്ടര്‍), എം.ജി ശശി എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വരും നാളുകളില്‍ കൂടുതല്‍ കാണുവാന്‍ സാധ്യതയുള്ള മുഖങ്ങളാണ്
ഷൈന്‍ ടോം ചാക്കോ (അബു), സൗബിന്‍ ഷാഹിര്‍ (കോളിന്‍) എന്നിവരുടേത്‌. നിശബ്ദയായി പ്രണയം ഏറ്റുവാങ്ങുന്ന അന്നയും (ആന്‍ഡ്രിയ), അതിനേക്കാള്‍ , പ്രണയ പരവശനാകുന്ന റസൂലും (ഫഹദ്‌ ഫാസില്‍) മികച്ച നിമിഷങ്ങള്‍ ചിത്രത്തില്‍ കരുതിവെക്കുന്നുണ്ട്. പ്രതിഭയും ഇണങ്ങുന്ന കഥാപാത്രങ്ങളും ഫഹദിന് മലയാളത്തിലെ മുന്‍നിര നടന്മാര്‍ക്കിടയില്‍ ഇടം നല്‍കുന്നുണ്ട്. രണ്ട് ചിത്രങ്ങള്‍ വിജയിച്ചു കഴിഞ്ഞാല്‍ മസില്‍ വീര്‍പ്പിക്കാനും കുളിംഗ് ഗ്ലാസ്‌ വെയ്ക്കുവാനും ഡോണാകുവാനും വെമ്പുന്നവര്‍ക്കിടയില്‍ ഫഹദ്‌ അഭിനന്ദനമര്‍ഹിക്കുന്നത്, 'ആമേന്‍', 'ഒളിപ്പോര്' മുതലായ ചിത്രങ്ങളിലെ വ്യത്യസ്തമായ പാത്രസൃഷ്ടികള്‍ക്ക് ശ്രമിക്കുന്നത് കൊണ്ടാണ്.

എല്ലാ പ്രേമകഥകളും‍, പൈങ്കിളികള്‍ ആകണമെന്നില്ല. പക്ഷേ, തീയ്യറ്ററില്‍ ഇരച്ചെത്തുന്ന ബഹുജനം ഒരു പ്രണയകഥയില്‍ പ്രതീക്ഷിക്കുന്നത് കാല്‍പ്പനികതയോ, അവര്‍ കണ്ടുപരിചയിച്ച ദൃശ്യഭംഗികളോ ആണ്. പ്രണയം പൂവിട്ടാലുടന്‍ അരക്കെട്ടിളകി നായിക തോഴിമാരോടൊത്ത് ആടണം, നായകന്‍ പാടണം, കാറ്റടിക്കണം, കാണാന്‍ പറ്റാതാവണം, അതുകണ്ട് കയ്യടിക്കണം. നിര്‍ഭാഗ്യവശാല്‍ റസൂലിന്‍റെയും അന്നയുടേയും പ്രണയം ചെറിയ ചെറിയ സംഭവങ്ങളിലൂടെ ഉണരുന്ന, പലപ്പോഴും നിശബ്ദമായി വാചാലമാവുന്ന ഒന്നാണ്. ആര്‍ത്ത് വിളിച്ചും നൃത്തം ചെയ്തും പിന്നെ തോന്നിയതൊക്കെ കാട്ടികൂട്ടിയും, വെപ്രാളപ്പെട്ട് സിനിമ കാണുന്ന മൂലക്കുരുവിന്‍റെ അസ്കിതയുള്ള പുതിയ കാലത്തിന് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യബോധമുള്ള ആഖ്യാനരീതി പരിചിതമായിരിക്കണമെന്നില്ല, പെട്ടെന്ന് ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞെന്ന് വരികയുമില്ല. ഒരു സംവിധായകന്‍റെ ദൃശ്യാവിഷ്കാരം പ്രേക്ഷകന്‍റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി വളയണമെന്ന് ശഠിക്കുന്ന പോലെ തോന്നും പ്രേക്ഷകരില്‍ ചിലരുടെ പ്രതികരണങ്ങള്‍ കേട്ടാല്‍ . എന്നാല്‍ മറ്റ് ഭാഷകളിലെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളുമില്ല, അഭിപ്രായ പ്രകടനങ്ങളുമില്ല. സംവിധായകന്‍റെ ബുദ്ധികൂര്‍മ്മതയേയും, ധീരതയേയും അഭിനന്ദിക്കുകയും ചെയ്യും.

പ്രണയകഥകളുടെ പൊതുവേയുള്ള തെളിമയും വര്‍ണ്ണാഭവുമായ ദൃശ്യപരിചരണരീതിയല്ല, 'അന്നയും റസൂലിന്‍റെ'ത്. രാജീവ്‌ രവി ഛായാഗ്രാഹകനായിരുന്ന 'ഗാംഗ്സ് ഓഫ് വാസയ്പൂറി'ന്‍റെയോ അദ്ദേഹത്തിന്‍റെ ആദ്യകാല ചിത്രങ്ങളിലൊന്നായ 'ബൈ പാസ്സി'ന്‍റെയോ പരുക്കനും ഇരുണ്ടതുമായ ദൃശ്യാഖ്യാനമാണ് ഈ ചിത്രത്തിന്‍റെത്. സ്വാഭാവികവും യഥാര്‍ത്ഥമായ ദൃശ്യങ്ങള്‍ക്കായി ഛായാഗ്രാഹകനായ മധു നീലകണ്ഠന്‍ സ്വാഭാവികമായ പ്രകാശത്തിലാണ് ഈ ചിത്രം ഏതാണ്ട്‌ പൂര്‍ണ്ണമായും ചിത്രീകരിച്ചത്. പ്രഭാതമായാലും സന്ധ്യയായാലും രാത്രിയായാലും എല്ലാം അങ്ങനെതന്നെ. കൊച്ചിയിലെ വിവിധഭാഗങ്ങളില്‍ യഥാര്‍ത്ഥ ജനക്കൂട്ടങ്ങളെ തന്നെ പകര്‍ത്തുവാന്‍ ഒന്നില്‍ കൂടുതല്‍ ക്യാമറകള്‍ ഉപയോഗിക്കുകയും ചെയ്തു ('സെക്കന്‍റ് ഷോ'യുടെ ഛായാഗ്രാഹകനായിരുന്ന പപ്പുവും ജയേഷ് നായരുമായിരുന്നു സെക്കന്‍റ് യൂണിറ്റ് ക്യാമറ കൈകാര്യം ചെയ്തത്‌).

മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ സംഭാഷണങ്ങളേക്കാള്‍  അഭിനേതാക്കള്‍ തല്‍ക്ഷണം സ്വാഭാവികമായി പറയുന്ന, ആവിഷ്ക്കരിക്കുന്ന സംഭാഷണങ്ങളില്‍ മുഴുപ്പുള്ള തെറികളും, ഭാഷയില്‍ , കൊച്ചിയുടെ തനത് രൂപവും ശൈലിയും, അതിന് വല്ലാത്തൊരു സുഖവുമുണ്ട്. എസ് രാധാകൃഷ്ണന്‍ ചെയ്ത തത്സമയ ശബ്ദലേഖനം, ചിത്രാരംഭത്തില്‍ ചില വേളകളില്‍ വ്യക്തമാകാതെ അനുഭവപ്പെട്ടുവെങ്കിലും, ചിത്രത്തിന്‍റെ സമഗ്രതയില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട് (ശബ്ദമിശ്രണം: തപസ്‌ നായിക്‌).

സ്വാഭാവികമായ ദൃശ്യങ്ങളുടെയും അവ പകര്‍ത്താനെടുത്ത ഗോറില്ലാ ഫിലിംമേകിംഗ് രീതികളുടേയും പേരിലാകും മലയാള സിനിമയില്‍ 'അന്നയും റസൂലും' സ്വന്തമായ ഒരിടം കണ്ടെത്തുന്നത്. ചിത്രീകരണത്തില്‍ വേറിട്ട വഴി സ്വീകരിക്കുകയും, അതില്‍ മുഖ്യധാരയിലെ അഭിനേതാക്കള്‍ ഭാഗമാകുകയും, ചിത്രം കേരളത്തിലെ ഒരുപിടി തീയ്യറ്ററുകളില്‍ എത്തുകയും, അത് കാണുവാന്‍ ജനം തയ്യാറാവുകയും ചെയ്യുമ്പോള്‍ ഈ പ്രണയചിത്രത്തിനെ മലയാളത്തിലെ ഒരു ലാന്‍ഡ്മാര്‍ക്ക്‌ ചിത്രമെന്നോ മലയാളത്തിന്‍റെ 'സുബ്രഹ്മണ്യപുര'മെന്നോ വിളിക്കേണ്ടി വരും


മലയാളിയും, ഇന്ന്‍ ഇന്ത്യയിലെ മുന്‍നിര ഛായാഗ്രാഹകരില്‍ ഒരാളും, നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്‍റെ ഭര്‍ത്താവുമാണ്, ആദ്യമായി ചിത്രം സംവിധാനം ചെയ്യുന്ന രാജീവ്‌ രവി. 'ചാന്ദ്നി ബാര്‍' മുതല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിന്ദി ചിത്രം 'ഗാംഗ്സ് ഓഫ് വാസയ്പൂര്‍' വരെ നിരവധി ശ്രദ്ധേയമായ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും സുപരിചിതമായ 'ക്ലാസ്മേറ്റ്സി'നും ഇദ്ദേഹത്തിന്‍റെത് തന്നെയായിരുന്നു ഛായാഗ്രഹണം.

ചിത്രത്തിന്‍റെ ദൈര്‍ഘ്യത്തിനെ കുറിച്ച്, അവസാന ഭാഗങ്ങള്‍ക്ക് മുന്‍പായുള്ള ഇഴച്ചിലിനെ കുറിച്ച് ഒരുപാട്പേര്‍ പരാതി പറയുന്നത് കണ്ടു. രണ്ട് മുതല്‍ രണ്ടേകാല്‍ മണിക്കൂര്‍ വരെയാണ് ഇപ്പോള്‍ ഒരു മലയാള ചിത്രത്തിന്‍റെ ശരാശരി ദൈര്‍ഘ്യം. ശീലിച്ച് പോയവര്‍ക്ക്‌ 2 മണിക്കൂര്‍ 45 മിനിറ്റ്‌ കൂടുതലാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ എഴുതിയ മൂലരൂപത്തിനെ കുറിച്ച് രാജീവ്‌ രവി 'ദി ഹിന്ദു'വിന് നല്‍കിയ അഭിമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇത്രകാലം കൊണ്ട് മനസ്സിലും പേപ്പറിലും പിന്നീട് ക്യാമറയിലുമായി ആവിഷ്ക്കരിച്ച ഒരു ചിത്രത്തെ മൂന്ന്‍ മണിക്കൂറില്‍ താഴെ മാത്രം തീയ്യറ്ററില്‍ ഇരുന്ന് ആസ്വദിക്കുകയോ, അനുഭവിക്കുകയോ, അതുമല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ കാണുകയും ചെയ്തിട്ട് ആ ഭാഗം ശരിയല്ല, ഇവിടം മുതല്‍ അവിടം വരെ മുറിച്ച് കളയണമായിരുന്നു, രണ്ടേകാല്‍ മണിക്കൂറേ പാടുള്ളൂ എന്നെല്ലാം പറയുന്നത് അവിവേകമാണെന്നേ ഞാന്‍ പറയൂ. നിങ്ങള്‍ കണ്ടതാണ് ചിത്രം. രാജീവ്‌ രവിക്ക്‌ അന്നയേയും റസൂലിനേയും കുറിച്ച് ഇത്രയും പറയാന്‍ ഉണ്ടായിരിക്കണം. അതിന് ഇത്രയും സമയവും വേണ്ടിയിരുന്നിരിക്കണം. വെറുതെ മുറിച്ച് മാറ്റിയാല്‍ അത് ചിത്രത്തിന്‍റെ സമഗ്രതയെ എങ്ങനെയാണ് ബാധിക്കുമെന്ന് മനസ്സിലാക്കി തന്നെയാണോ നിങ്ങള്‍ ഇങ്ങനെ പറയുന്നത്..?

ചിത്രത്തിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയാല്‍ ആസ്വാദനം  നന്നാകുമെന്ന് തോന്നിയതുകൊണ്ടാണ് പ്രധാനമായും അറിയാവുന്ന വിവരങ്ങള്‍ ഈ കുറിപ്പില്‍ പങ്കുവെച്ചത്.

ആകെത്തുക: സിനിമയെന്നാല്‍ വിനോദം മാത്രമല്ല, ഇത് സാധാരണ കണ്ടു പരിചയിച്ച ആസ്വാദന വ്യാകരണവുമല്ല. പ്രേക്ഷകനെ കരയിക്കുവാനുള്ള നമ്പറുകളോ, ചിരിപ്പിക്കുവാനുള്ള കുതന്ത്രങ്ങളോ, ഒന്നുമില്ല ഈ ചിത്രത്തില്‍. പക്ഷേ, ഈ സിനിമ നിങ്ങളെ ചിരിപ്പിച്ചുവെന്ന് വരും, മനസ്സിനെ, എപ്പോഴോ, ഒന്ന് തൊട്ടെന്ന് വരും. ഒഴുക്കില്‍ നിന്ന് മാറി നില്‍ക്കുന്ന സൃഷ്ടികള്‍ എല്ലാകാലത്തും വൈകിയാണ് തിരിച്ചറിയപ്പെടുക, അംഗീകരിക്കപ്പെടുക. അന്നയുടേയും റസൂലിന്‍റെയും കാര്യത്തില്‍ കാലമൊന്ന് മാറി ചിന്തിക്കട്ടെ എന്നാഗ്രഹിക്കുന്നു..

പറയാതിരിക്കാന്‍ വയ്യാത്ത ചിലത്:
~ ചിത്രം റിലീസ്‌ ചെയ്ത് രണ്ടാം ദിവസമായ ഇന്നലെ മുതല്‍ ചിത്രത്തിലെ ചില ഭാഗങ്ങള്‍ മുറിച്ച് നീക്കിയിട്ടുണ്ട്. അത് ചിത്രത്തിന്‍റെ സംവിധായകന്‍റെ അറിവോ സമ്മതമോ കൂടാതെയാണ് എന്നറിയുന്നു. :((  - [Updated 1.30 PM, Jan. 6, 2012]

~ അടിവയറ്റില്‍ ഇതിന് മാത്രം കഴപ്പുണ്ടോ മലയാളിക്കെന്ന് സംശയിച്ച് പോകും തീയ്യറ്ററിലെ ഇരുട്ടില്‍ ശരാശരി മലയാളിയുടെ ആഭാസപൂര്‍വ്വമുള്ള പ്രതികരണങ്ങള്‍ കേട്ടാല്‍ . ഇതാദ്യ അനുഭവമൊന്നും അല്ലെങ്കിലും, മുന്‍പ്‌ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും റെനീഷ് ഫേസ്‌ബുക്കില്‍ എഴുതിയത് പങ്കുവെയ്ക്കുന്നു.

~ തലശ്ശേരിയിലെ 'ലിറ്റില്‍ ലിബര്‍ട്ടി' തീയ്യറ്ററില്‍ കുടുംബത്തോടൊപ്പം ചിത്രം കാണാന്‍ ചെന്ന സുഹൃത്തിനെ തീയ്യറ്റര്‍ ജീവനക്കാര്‍ നിരുത്സാഹപ്പെടുത്തി. 'അന്നയും റസൂലും' അവാര്‍ഡ്‌ ചിത്രമാണത്രേ, നല്ല ചിത്രം 'മൈ ബോസ്' അപ്പുറത്ത്‌ കളിക്കുന്നുണ്ട് പോലും. അവരോടൊക്കെ എന്ത് പറയാന്‍ , 'കര്‍ത്താവ്‌ കാത്തുകൊള്ളട്ടെ'യെന്നും, 'മുടക്കം വരുത്താതെ കുമ്പസാരിക്കാന്‍ കഴിയട്ടെ'യെന്നും പ്രാര്‍ഥിക്കുന്നു.

അനുബന്ധം:
~ സംവിധായകന്‍ രാജീവ്‌ രവിയുമായി, സരസ്വതി നാഗരാജന്‍ നടത്തിയ അഭിമുഖം

Oct 9, 2012

കൈരളി വിലാസം ലോഡ്ജില്‍ നിന്നും മലയാളം ട്രിവാന്‍ഡ്രം ലോഡ്ജിലെത്തുമ്പോള്‍ ...

കൂണുകള്‍ പൊട്ടിവിരിയുന്ന ലാഘവത്തില്‍ ചാനലുകളും ആ ചാനലുകളില്‍ കളിപ്പീര് പരമ്പരകളും ആ പരമ്പരകളുടെ കാക്കത്തൊള്ളായിരം എപ്പിസോഡുകളും ഉള്ള നാട്ടില്‍ ഇനിയും ഒരു 'മിഖായേലിന്റെ സന്തതികളും', 'ബാല്യകാലസ്മരണകളും', 'മരണം ദുര്‍ബല'വുമൊന്നും പ്രതീക്ഷിക്കാന്‍ വയ്യ. ആ പ്രീ-കേബിള്‍ കാലഘട്ടത്തില്‍ തന്നെയാണ് നെടുമുടി വേണു 'കൈരളി വിലാസം ലോഡ്ജും' അവിടത്തെ താമസക്കാരെയും അവതരിപ്പിച്ചത്. പഴയ കൈരളി വിലാസം ലോഡ്ജിനെ ഓര്‍മ്മിപ്പിച്ചത് അനൂപ്‌ മേനോനും, വി.കെ പ്രകാശുമാണ്. 'ട്രിവാന്‍ഡ്രം ലോഡ്ജ്' എന്ന പുതിയ ചിത്രത്തിലൂടെ.



കൊച്ചിയിലാണ് 'ട്രിവാന്‍ഡ്രം ലോഡ്ജ്'. അവിടത്തെ പ്രധാന താമസക്കാര്‍ സ്ഥിര ജോലിയൊന്നുമില്ലാത്ത അബ്ദു, ഒരു സിനിമാവാരികയുടെ ലേഖകനായ ഷിബു വെള്ളായണി, അഭിനയ മോഹമുള്ള സതീശന്‍ , സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ച കോര, സംഗീത അധ്യാപകനായ ആര്‍തര്‍ റെല്‍ട്ടന്‍ , പാചകക്കാരിയായ ആയ പെഗ്ഗി എന്നിവരാണ്. ഇവരില്‍ ഭൂരിപക്ഷവും തീവ്രമായ ലൈംഗിക ചോദനയുമായി കഴിയുന്നവരാണ് . ഇവര്‍ക്കിടയിലേക്ക്‌, ലോഡ്ജിലെ പുതിയ താമസക്കാരിയായി വിവാഹമോചിതയും ചെറുപ്പക്കാരിയും ആയ ധ്വനി, തന്‍റെ നോവല്‍ എഴുതുവാനാനായി എത്തുന്നു.

മറ്റ് ബന്ധങ്ങളൊന്നും ഇല്ലാതെ ഒരു ലോഡ്ജില്‍ സ്ഥിര താമസക്കാരവരാണ് 'കൈരളീ വിലാസ'ത്തിലേയും 'ട്രിവാന്‍ഡ്രം ലോഡ്‌ജി'ലേയും കഥാപാത്രങ്ങള്‍ . സരസന്മാരും കലാകാരന്മാരുമായിരുന്നു കൈരളീ വിലാസക്കാര്‍ എങ്കില്‍ ട്രിവാന്‍ഡ്രംകാര്‍ ഭൂരിപക്ഷവും കാമ പരവശരായിരുന്നു. ലോഡ്ജ് കൈവിട്ട് പോകുന്ന അവസ്ഥ വരികയും അവിടത്തെ താമസക്കാര്‍ അങ്കലാപ്പില്‍ ആകുന്നതുമാണ് രണ്ടിലേയും കഥാപരിണാമം. ഒന്നില്‍ ഒരു ലോട്ടറി ടിക്കറ്റിന്‍റെ വലിയ സമ്മാനത്തിലൂടെ ലോഡ്ജ്, താമസക്കാര്‍ തന്നെ സ്വന്തമാക്കുമ്പോള്‍ മറ്റൊന്നില്‍ കളഞ്ഞു കിട്ടിയ ആധാരമാണ് താമസക്കാരെ സഹായിക്കുന്നത്.

നിഷ്കളങ്കരും സഹൃദയരുമായ ഒരു കൂട്ടത്തില്‍ നിന്നും, മലയാളിയുടെ മറ്റൊരിടത്തേക്കുള്ള ദൂരം 'ട്രിവാന്‍ഡ്രം ലോഡ്ജ്' പറഞ്ഞു വെക്കുന്നുണ്ട്. പ്രത്യേകിച്ചും, ഭൂരിപക്ഷവും നല്ലതെന്ന് പറഞ്ഞ് ഈ ചിത്രത്തിനെ ഒരു വിജയമാക്കുമ്പോള്‍ , ചിത്രത്തിലെ കാമം വിതറിയ കഥാസന്ദര്‍ഭങ്ങള്‍ സ്വീകരിക്കപ്പെടുമ്പോള്‍ , സോമരസം തൂവിയ സംഭാഷണങ്ങള്‍ പ്രേക്ഷകനെ മത്ത്‌ പിടിപ്പിക്കുമ്പോള്‍ .

ലൈഗിംകത പ്രമേയമായ ചിത്രങ്ങള്‍ മലയാളത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ് 'തൂവാനത്തുമ്പികള്‍'. ആ ചിത്രം അനൂപ്‌ മേനോനെ ഒരു ബാധയായി കൂടിയിട്ടുണ്ടോയെന്ന് ' ബ്യൂട്ടിഫുള്‍ ' കണ്ടപ്പോള്‍ തോന്നിയ സംശയം ഈ ചിത്രം കണ്ടതീരുമ്പോള്‍ ആ ബാധ അത്ര നിസ്സാരക്കാരനൊന്നുമല്ലെന്ന് ഉറപ്പിക്കുന്നുണ്ട്. 'ബ്യൂട്ടിഫുളി'ല്‍ ചിത്രത്തിലെ നായികയെ 'തൂവാനത്തുമ്പികളി'ലെ ക്ലാരയോട് ചേര്‍ത്ത്‌ ചിത്രത്തില്‍ അവതരിപ്പിച്ചപ്പോള്‍ , 'ട്രിവാന്‍ഡ്രം ലോഡ്ജി'ല്‍ 'തൂവാനത്തുമ്പികളി'ലെ തങ്ങള്‍ കഥാപാത്രമായി തന്നെ അവതരിക്കുന്നുണ്ട്.

തീര്‍ത്തും ഉപരിപ്ലവമായതിനപ്പുറം പിന്നെന്താണ് ഈ ചിത്രം മുന്നോട്ട് വെക്കുന്നതെന്ന് ഈ ചിത്രം ഇഷ്ടപ്പെട്ട ഒരു പ്രേക്ഷകനോട് ചോദിച്ചാല്‍ മിക്കവാറും ലഭിച്ചേക്കാവുന്ന ഉത്തരം ഇതിന്‍റെ സൃഷ്ടാക്കള്‍ കാണിക്കുന്ന ധീരത അഭിനന്ദിക്കപ്പെടേണ്ടതല്ലേ എന്നാവും. ഇതിലും ധീരന്മാരായ സഖാക്കള്‍ ദശകങ്ങള്‍ക്ക് മുന്‍പേ ഇവിടുണ്ടായിരുന്നു, സുഹൃത്തേ. പഴയ ചിത്രമായ 'മഴു'വിന്‍റെ കഥാസാരം നോക്കുക. പട്ടാളക്കാരനായ വളർത്തുമകൻ ദാസൻ കൊല്ലപ്പെട്ടു എന്നൊരു വാർത്ത വരുന്നു. മറ്റു ബന്ധുക്കളൊന്നും ഇല്ലാത്ത ആ വീട്ടിലെ മധ്യവയസ്കനും, വളർത്തുമകന്‍റെ വിധവയായ സീതയും തമ്മിൽ ഒരു ബന്ധം ഉടലെടുക്കുന്നു. പക്ഷേ ഒരു ദിവസം മരിച്ചുപോയെന്ന് കരുതിയ സീതയുടെ ഭര്‍ത്താവ്‌ തിരിച്ചെത്തുന്നു. തുടർന്ന് മകന്‍റെ ഭാര്യയെ സ്വന്തമാക്കാന്‍ അച്ഛന്‍ 'മഴു'കൊണ്ട് പട്ടാളക്കാരൻ മകനെ കൊലപ്പെടുത്തുന്നു. പി.കെ കൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ചിത്രം കാണുവാന്‍ സാധിച്ചിട്ടില്ല. സുകുമാരനും ബാലന്‍ കെ നായരുമൊക്കെ അഭിനയിച്ച, എണ്‍പതുകളുടെ തുടക്കത്തില്‍ ഇറങ്ങിയ ഈ ചിത്രം കാണുവാനുള്ള അവസരങ്ങള്‍ക്കും സാധ്യത ചുരുക്കമാണ്.

ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകളെ കുറിച്ചോ, ദശാസന്ധികളെ കുറിച്ചോ ഒന്നും പറയാതെ കേവലം പൊറുത്ത് തുടങ്ങിയ മുറിവിന്‍റെ പൊറ്റയില്‍ നഖമിട്ട് ഉരക്കുന്ന സുഖമാണ് സിനിമ എന്ന പുതിയ കണ്ടുപിടിത്തത്തിന് ഏതായാലും വോട്ടില്ല.