Sep 7, 2009

കാഞ്ചീവരം, നാലുപെണ്ണുങ്ങള്‍

2007-ലെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ദേശീയ പുരസ്‌ക്കാരങ്ങള്‍ ഇപ്പോഴും വൈകിയാണ്‌ ഓടിക്കൊണ്ടിരിക്കുന്നത്‌. മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയ 'കാഞ്ചീവര'ത്തെക്കുറിച്ചും മികച്ച സംവിധായകനും മികച്ച ചിത്രസംയോജകനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയ 'നാല്‌ പെണ്ണുങ്ങളെ' കുറിച്ചും ചിത്രനിരീക്ഷണത്തില്‍ മുന്‍പ്‌ എഴുതിയത്‌ വീണ്ടും പ്രസിദ്‌ധീകരിക്കുന്നു.

കാഞ്ചീവരം: ശരിക്കും 'ഒറിജിനൽ'
Posted on 13 December, 2008

തുണ്ട്‌ തുണികഷണങ്ങൾക്കുള്ളിൽ ഒളിക്കുന്ന പുതുതലമുറപോലും കേട്ടിരിക്കും കാഞ്ചീപുരം പട്ടിന്റെ മഹിമ. ആ മഹിമ ഈ കഴിഞ്ഞ സപ്‌തംബറിൽ ടൊറൊന്റോയിലെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവ വേദിയിലെ നിലയ്‌ക്കാത്ത കരഘോഷങ്ങൾക്കിടയിലും നിറഞ്ഞു. 'കാഞ്ചീവരം' എന്ന പ്രിയദർശൻ ചിത്രത്തിലൂടെ... എപ്പോഴും കുറ്റം മാത്രം വിളിച്ച്‌ പറയുന്ന പ്രിയ പ്രേക്ഷകാ, ഇത്‌ ശരിക്കും 'ഒറിജിനൽ' ആണ്‌, 'ഒറിജിനൽ story - പ്രിയദർശൻ' എന്ന് ടൈറ്റിൽ കാർഡിൽ പറയുന്ന പോലെ...


ബോളിവുഡിൽ പ്രിയദർശൻ കേമനായെങ്കിലും നഷ്‌ടം നമുക്കായിരുന്നു. 'തേൻമാവിൻ കൊമ്പത്തും', 'ചിത്ര'വും, 'കിലുക്ക'വും ഇഷ്‌ടപ്പെടുന്ന മലയാളിക്ക്‌. ഒരു ദശാബ്‌ദത്തിലേറെ നീണ്ട ആ ബോളിവുഡ്‌ വാസത്തിന്റെ ബാക്കിപത്രം ഏറെക്കുറെ പഴയ ഹിറ്റ്‌ മലയാളം ചിത്രങ്ങളുടെ Hi-Fi Remix-കൾ മാത്രമായിരുന്നു. Hi-Fi എന്നതിനപ്പുറം ഒന്നുമല്ലാത്ത Remix-കൾ. പക്ഷെ പ്രിയൻ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ 'Four Frames' സംഭവിക്കില്ലായിരുന്നു, 'കാഞ്ചീവര'വും.

ഹിന്ദു സംസ്‌കൃതിയിൽ പട്ടിന്‌ ഒരു പ്രാമുഖ്യം കൽപ്പ്പ്പിക്കുന്നുണ്ട്‌. ചുരുങ്ങിയപക്ഷം ജീവിതത്തിലെ മംഗല്യകാര്യത്തിലും മരണകാര്യത്തിലും. എന്നും പട്ടിന്റെ പെരുമയായിരുന്നു കാഞ്ചീപുരത്തിന്‌. 1940-കളിൽ കാഞ്ചീപുരത്ത്‌ വിദേശീയർക്കും സ്വദേശീയരായ പ്രമാണിമാർക്കും പട്ടിൽ വിസ്‌മയവേലയൊരുക്കുന്ന ഒരു കൂട്ടം പണിക്കാർ. കമ്യൂണിസ്റ്റുകാരനായ വെങ്കടവും അക്കൂട്ടത്തിൽ ഒരാളാണ്‌. പട്ടിൽ പണിയെടുത്തിട്ടും പട്ടിനെ പ്രാപിക്കുവാൻ പ്രാപ്‌തിയില്ലാത്തവനാണ്‌, വെങ്കടം. മൂത്താശ്‌ശാരിയുടെ വീടിന്‌ കൊത്തുപണിയുള്ള വാതിലും ജനാലയുമൊന്നും ഇല്ലാത്തതുപോലെ തന്നെ. സ്വന്തം മകൾക്കായ്‌ ഒരു പട്ട്‌ സ്വന്തമാക്കുവാൻ വെങ്കടം ആഗ്രഹിക്കുന്നതും അതിനായി ശ്രമിക്കുന്നതും ആണ്‌ ചിത്രത്തിന്റെ കഥാപരിസരം. മഞ്ചാടിക്കുരുവിനോളം ഭംഗിയുള്ള, വലിപ്പമുള്ള ഒരു കഥ അതേ ഭംഗിയിൽ ഛായാഗ്രാഹകൻ തിരുവിന്റേയും സാബു സിറിളിന്റെ കരവിരുതിന്റേയും സഹായത്തോടെ പ്രിയൻ വെള്ളിത്തിരയിൽ വരച്ചിടുന്നു. 'വിരാസത്തി'ന്‌ ശേഷം പ്രിയനെ ശരിക്കും ഇഷ്‌ടപ്പെട്ടത്‌ ദാ, ഇപ്പോഴായിരുന്നു. ചിത്രം സുന്ദരമാണെങ്കിലും കൊട്ടികലാശങ്ങളോടെ മറ്റൊരു പ്രിയൻ ചിത്രം പോലെ 'കാഞ്ചീവരം' തീയ്യേറ്ററുകളിലേയ്ക്ക്‌ എഴുന്നള്ളത്ത്‌ നടത്തുവാൻ സാദ്‌ധ്യതയും, മഞ്ചാടിക്കുരുവിനോളം.

പ്രകാശ്‌ രാജും ശ്രേയ റെഡ്ഡിയും ഒഴികെ പരിചിതമുഖങ്ങളും ചിത്രത്തിൽ തീരെയില്ല എന്നുതന്നെ പറയാം. അല്ലെങ്കിലും നമ്മുടെ താരവർഗ്ഗത്തിന്‌ വേണ്ട ഗോഷ്‌ഠി നൃത്തങ്ങൾക്കും ബഹളങ്ങൾക്കും ഉള്ള സാദ്‌ധ്യത വിശ്വസനീയമായ ഈ കഥാപരിസരത്തിനും ഇല്ലല്ലോ... കൂട്ടത്തിൽ പറയാതെ പോകരുതല്ലോ പ്രകാശ്‌ രാജ്‌ ഭംഗിയായി നടിച്ചിട്ടുണ്ട്‌.

മലയാളി എവിടെ ഉണ്ടോ അവിടെ മംഗളമോ മനോരമയോ അങ്ങനെ എന്തോ ഉണ്ട്‌ എന്ന് കേട്ടിട്ടില്ലേ? അതുപോലെയാണ്‌ പ്രിയൻ ചിത്രമാണോ അതിൽ കോമഡി ഉണ്ട്‌ എന്നതും. കഥാഗതിയെ തീർത്തും തടസ്സപ്പെടുത്താതെയുള്ള ചില നിർദ്ദോഷ ഫലിതങ്ങൾ ചിത്രത്തിലുണ്ട്‌.

പതിമൂന്നാം അന്താരാഷ്‌ട്ര ചലച്ചിത്രോത്‌സവത്തിലെ ആകർഷണങ്ങളിൽ ഒന്നായ 'കാഞ്ചീവരം' പ്രദർശിപ്പിക്കുന്നത്‌ നാളെയാണ്‌.

മൾട്ടിപ്ലക്‌സുകളിൽ വർണ്ണമസാലക്കൂട്ട്‌ ഒരുക്കുന്ന ഒരു സംവിധായകൻ ലളിതമായ ഒരു ചിത്രം ഒരുക്കുന്നതും ഇത്‌ എന്റെ ചലച്ചിത്രം, ഞാനാഗ്രഹിക്കുന്ന ചലച്ചിത്രം എന്ന് പറയുന്നതും തീർത്തും ആഹ്ലാദകരമായ കാര്യമാണ്‌. നാട്ടിൽ മൊത്തമായും ചില്ലറയായും ലഭ്യമായ 'ഉരിയാടാ' ജാടകൾ കഥാപാത്രങ്ങൾക്ക്‌ ഇല്ല എന്നതും പ്രിയൻ ഇതുവരേയും പ്രസ്സ്‌ ക്ലബ്ബ്‌ വരാന്തകളിൽ ചിത്രത്തെ കുറിച്ച്‌ പ്രസംഗിച്ച്‌ നടക്കുന്നില്ല എന്നതും ശ്രദ്‌ധേയമാണ്‌. നല്ല ഇഴയടുപ്പമുള്ള ഇതുപോലെ ഒരു ചിത്രം ഇല്ലായിരുന്നുവെങ്കിൽ ചരിത്രം പ്രിയദർശനെ വെറും ഒരു കോപ്പിയടിക്കാരൻ മാത്രമായി വിലയിരുത്തിപ്പോകുമായിരുന്നു.

നാല്‌ പെണ്ണുങ്ങള്‍: തകഴി കഥകളിലെ അടൂരിയന്‍ നോട്ടം
Posted on 12 November, 2007

ഇക്കഴിഞ്ഞ വെള്ളിയാഴ്ച (നവം.2) അടൂര്‍ ഗോപാലകൃഷ്ണന്റെ പത്താമത്തെ ചലച്ചിത്രം പ്രദര്‍ശനത്തിനെത്തി, 'നാല്‌ പെണ്ണുങ്ങള്‍'. മുപ്പതില്‍ ഏറെ വര്‍ഷങ്ങള്‍ നീണ്ട ചലച്ചിത്രജീവിതത്തില്‍ '10' എന്നത്‌ ഒരു ചെറിയ സംഖ്യയാണ്‌. പ്രസവിച്ചു കൂട്ടുന്നതിലല്ല, 'സിംഹപ്രസവ'ത്തിലാവണം അടൂര്‍ വിശ്വസിക്കുന്നത്‌.


തകഴിയുടെ 'ഒരു നിയമലംഘനത്തിന്റെ കഥ', 'കന്യക', 'ചിന്നു അമ്മ', 'നിത്യകന്യക' എന്നീ നാല്‌ കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ്‌ ഈ ചിത്രം. രണ്ടോ അതിലധികമോ ചെറു ചിത്രങ്ങള്‍ ഒരുമിച്ച്‌ ഒറ്റ ചലച്ചിത്രമായി പുറത്തിറങ്ങുന്നത്‌ മലയാളത്തില്‍ ഒരു സാധാരണ കാഴ്ചയല്ല, ഒത്തിരി വിദേശ സിനിമകള്‍ (അകിരാ കുറസോവയുടെ ഡ്രീംസ്‌(1990), ഇറോസ്‌(2004), ടിക്കറ്റ്‌സ്‌(2005)) ഉദാഹരണമായി ചൂണ്ടികാണിക്കാമെങ്കിലും. മലയാളത്തില്‍ അറുപതുകളുടെ അവസാനത്തില്‍(1967) പുറത്തിറങ്ങിയ സമാന രീതിയിലുള്ള 'ചിത്രമേള' എന്നൊരു ചലച്ചിത്രത്തെപ്പറ്റിയും കേട്ടിട്ടുണ്ട്‌.

അടൂരിന്റെ താരബാഹുല്യമുള്ള ഒരു ചിത്രമാണ്‌ 'നാല്‌ പെണ്ണുങ്ങള്‍'. പത്മപ്രിയ, ഗീതു മോഹന്‍ദാസ്‌, മഞ്ജു പിള്ള, നന്ദിത ദാസ്‌ എന്നീ 'നാല്‌ പെണ്ണുങ്ങള്‍'-ക്കൊപ്പം മുരളി, മുകേഷ്‌, കാവ്യ മാധവന്‍, കെ.പി.എ.സി ലളിത, മനോജ്‌ കെ ജയന്‍, അശോകന്‍, സോണ നായര്‍, എം.ആര്‍ ഗോപകുമാര്‍, രവി വള്ളത്തോള്‍, നന്ദു, പുന്നപ്ര പ്രശാന്ത്‌ [അതെ, അയ്യപ്പ ബൈജു തന്നെ... പിന്നെ കഥാപാത്രം എന്ത്‌? എന്ന ചോദ്യത്തിന്‌ പ്രസക്തി ഇല്ലല്ലോ. :) ] തുടങ്ങിയ താരങ്ങളും, പിന്നെ സാധാരണക്കാരായ കുറച്ചുപേരും അഭിനയിച്ചിട്ടുണ്ട്‌, ഈ ചിത്രത്തില്‍.

തീര്‍ച്ചയായും അടൂര്‍ മികച്ച സംവിധായകനാണ്‌ (എന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം ഇല്ല, എന്നാലും). (ചില) കഥാപാത്രസൃഷ്‌ടികളില്‍, കഥാപരിസര നിര്‍മ്മിതികളില്‍ അടൂരിലെ സംവിധായകന്‍ പുലര്‍ത്തുന്ന കൃത്യത, കണിശത അമ്പരിപ്പിക്കുന്നതാണ്‌. പക്ഷേ അടൂരിന്റെ കഥകളോടുള്ള സമീപനം, അതിപ്പോള്‍ ബഷീറിന്റേതായാലും സക്കറിയയുടേതായാലും തകഴിയുടേതായാലും സ്വന്തം സൃഷ്‌ടിയായാലും ഏറെക്കുറെ ഒന്നു തന്നെയാണ്‌.

പത്‌മപ്രിയ, നന്ദിത ദാസ്‌ എന്നിവരുടെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ ഈ ചിത്രത്തിലും നമുക്ക്‌ കാണാം. അഭിനേതാക്കളുടെ പ്രകടനമെല്ലാം തന്നെ വളരെ നിയന്ത്രിതമാണ്‌, ചിത്രത്തിലെ സംഗീതം പോലെ. സംഗീതം ഒരുക്കിയത്‌ ഐസക്ക്‌ തോമസ്‌ കൊട്ടുകാപ്പിള്ളിയാണ്‌ (പൂനെയിലെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും സംവിധാനം പഠിച്ച്‌ ഇറങ്ങിയ ഐസക്ക്‌ തോമസ്‌ കൊട്ടുകാപ്പിള്ളി, ഇന്ന് ഇന്ത്യയിലെ ഏറ്റവും ശ്രദ്‌ധേയനായ പശ്‌ചാത്തല സംഗീത സംവിധായകരില്‍ ഒരാളാണ്‌).

എം.ജെ രാധാകൃഷ്‌ണനാണ്‌ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മങ്കട രവിവര്‍മ്മ ക്യാമറക്ക്‌ പുറകിലില്ലാതെ അടൂര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ചലച്ചിത്രമാണ്‌ 'നാല്‌ പെണ്ണുങ്ങള്‍' ('നിഴല്‍ക്കുത്തി'ല്‍ മങ്കട രവിവര്‍മ്മക്കൊപ്പം സണ്ണി ജോസഫും ക്യാമറക്ക്‌ പുറകിലുണ്ടായിരുന്നു). പക്ഷേ അടൂരിയന്‍ ചിത്രത്തില്‍ ക്യാമറ മങ്കടയുടേതായാലും രാധാകൃഷ്‌ണന്റേതായാലും അതങ്ങ്‌ ഇരിക്കുക്കയേ ഉള്ളൂ, കഥയും കഥാപാത്രങ്ങളും വഞ്ചിയുമെല്ലാം ക്യാമറക്ക്‌ മുന്‍പിലേക്ക്‌ വന്നുകൊള്ളണ്ണം.

അടൂര്‍ ചിത്രങ്ങളിലെ കലാസംവിധാനം പണ്ട്‌ സത്യജിത്‌ റായിയെപോലും (മതിലുകള്‍) അമ്പരിപ്പിച്ചതായി എവിടെയോ വായിച്ചിട്ടുണ്ട്‌. ഈ ചിത്രത്തില്‍ മാര്‍ത്താണ്‌ഡം രാജശേഖരന്‍ ഒരുക്കിയ ദൃശ്യകലയെപ്പറ്റിയും മറിച്ചൊരഭിപ്രായമില്ല.

ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നത്‌ കാനഡയിലെ ടൊറന്റൊ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു. 'നാല്‌ പെണ്ണുങ്ങള്‍' അടക്കം അഞ്ച്‌ മലയാള ചിത്രങ്ങളാണ്‌ ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമയിലേക്ക്‌ തെരെഞ്ഞെടുക്കപ്പെട്ടത്‌.

ജീവിതവഴികളില്‍ നിസ്സഹായരായ, ഒറ്റപ്പെട്ട, പുതിയ ഭാഷ സംസാരിക്കുന്ന, പഴയ പെണ്ണുങ്ങള്‍. അവരുടെ ജീവിതം ഒഴുക്കിലെ പൊങ്ങുതടിപോലെ എങ്ങോട്ടോ ഒഴുകി പോവുന്നു. പുതിയ കാലഘട്ടത്തില്‍ ഇതുപോലെ ഒരു ചിത്രത്തിന്റെ പ്രസക്തി എന്താണ്‌? മലയാളിയുടെ ജീവിത പരിസരങ്ങള്‍ ഏറെ മാറിയിരിക്കുന്നു. തകഴി എഴുതിയത്‌ തകഴിയുടെ കാലഘട്ടത്തിലെ പെണ്ണുങ്ങളെ കുറിച്ചാണ്‌.പക്ഷേ അടൂര്‍ പറയുന്നത്‌ അടൂരിന്റെ കാലഘട്ടത്തിലെ പെണ്ണുങ്ങളെ കുറിച്ചല്ല. അതുകൊണ്ട്‌ തന്നെ ഈ കഥകള്‍ നമ്മെ ഞെട്ടിപ്പിക്കുന്നില്ല, കുത്തിനോവിക്കുന്നില്ല, തീയ്യറ്ററില്‍ തെളിയുന്ന പ്രകാശത്തിനപ്പുറം ഹൃദയത്തിലെ ഭാരമാവുന്നില്ല.

നിങ്ങള്‍ ഒരു ചലച്ചിത്രവിദ്യാര്‍ത്‌ഥി ആണെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം നിങ്ങള്‍ കണ്ടിരിക്കണം. കാരണം ഒരു സംവിധായകന്‍ എങ്ങനെ ആയിരിക്കണം എങ്ങനെ ആയിരിക്കരുത്‌ എന്നതിനെ കുറിച്ച്‌ കൃത്യമായ ധാരണകള്‍ ഒരേ സമയം ഈ ചിത്രം നമുക്ക്‌ വ്യക്‌തമാക്കി തരുന്നുണ്ട്‌.

'ഇതാണ്‌ യഥാര്‍ത്‌ഥ ചലച്ചിത്രസൃഷ്‌ടി'യെന്നും തന്റെ സിനിമകളെ പ്രേക്ഷകര്‍ കണ്ടിരിക്കേണ്ടത്‌, വിലയിരുത്തേണ്ടത്‌ ഇങ്ങനെയാണെന്നും നിരന്തരം പല സംവിധായകരും നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. സ്വാഭാവികമായും തികഞ്ഞ മുന്‍വിധികളോടെ ചിത്രത്തെ സമീപിക്കുവാന്‍ പ്രേക്ഷകര്‍ നിര്‍ബന്‌ധിതരാവുന്നു. ലബ്‌ധപ്രതിഷ്‌ഠനായ ഒരു സംവിധായകന്റെ ചലച്ചിത്രം മികച്ചതാവാതെ തരമില്ലല്ലോ. ചിത്രാന്ത്യം മുതല്‍ സ്‌തുതിഗീതങ്ങള്‍ അന്തരീക്ഷത്തിലേക്ക്‌ ഒഴുകിയെത്തുന്നു. സംവിധായകന്‍ സ്വപ്നത്തില്‍പോലും കാണാത്ത ദര്‍ശനങ്ങള്‍ നിരൂപക സമ്രാട്ടുകള്‍ വരികളില്‍ കുത്തി നിറക്കുന്നു. ഒടുവില്‍ ചലച്ചിത്രോത്‌സവങ്ങളില്‍ നിന്നും ചലച്ചിത്രോത്‌സവങ്ങളിലേക്ക്‌ ഓടിതളര്‍ന്ന് ചിത്രം മൃതിയടയുന്നു. ഈ ചരിത്രം നമ്മള്‍ പലവുരു കണ്ടതാണ്‌. ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. ഇനിയും കാണേണ്ടിവരികയും ചെയ്യും.

സമകാലീന ജീവിത സാഹചര്യങ്ങളെ, സത്യങ്ങളെ കൃത്യമായി കോറിയിടുന്ന... പ്രബന്‌ധങ്ങള്‍ക്കും ചലച്ചിത്രോത്‌സവങ്ങള്‍ക്ക്‌ അപ്പുറവും ആയുസ്സുള്ള ആത്‌മാര്‍ത്‌ഥമായ ചലച്ചിത്ര കൂട്ടായ്‌മകള്‍ക്കായി നമ്മള്‍ ഇനിയും എത്ര നാള്‍ കാത്തിരിക്കേണ്ടിവരും?