Jul 7, 2010

രാവണന്മാര്‍

വര്‍ഷങ്ങളായി മനസ്സിലുള്ള, ചില പദ്ധതികള്‍ക്കായുള്ള ശ്രമങ്ങളും അതിന്റെ ചെറുതും വലുതുമായ തിരക്കുകളുമായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ ‍. എന്നില്‍ ചലച്ചിത്രങ്ങളൊന്നും കാര്യമായി പെയ്യാതിരുന്ന ഒരു വരണ്ട മഴക്കാലം. എങ്കിലും കൊച്ചിയിലെ സുഹൃദ്‌സംഘത്തിനൊപ്പം ആദ്യദിനം തന്നെ 'രാവണന്മാരെ' കണ്ടിരുന്നു, ഇതുവരെയും ഒരു കുറിപ്പുപോലും സാധ്യമായില്ലെങ്കിലും. ഇനിയും 'രാവണന്മാരെ'ക്കുറിച്ച് ഒരു കുറിപ്പിന് പ്രസക്തിയുണ്ടോ എന്നറിയില്ല. പക്ഷേ, ഞാനടങ്ങുന്ന ഒരു തലമുറയെ ഭ്രമിപ്പിച്ച ഒരു സംവിധായകന്റെ ഇടര്‍ച്ചയെ എങ്ങിനെയാണ് കണ്ടില്ലെന്ന് നടിക്കുവാനാകുന്നത്? ഇത് 'രാവണ'ചിത്രങ്ങളുടെ അധിക വായനയല്ല, വൈകിപ്പോയൊരു അല്‍പ വായനയാണ്.


നാട്ടിലെ ലക്ഷണശാസ്ത്രപ്രകാരം പലരും, പലപ്പോഴും, പല ദോഷങ്ങളും പറയാറുണ്ടെങ്കിലും മണിരത്നം 'ഫ്ലേവറിന്' കാര്യമായ മുന്‍തലമുറക്കാരില്ല. പ്രമേയവും പ്രമേയപരിസരവും എന്തുമാകട്ടെ ചിത്രത്തില്‍ അണിച്ചേരുന്ന സാങ്കേതിക വിദഗ്ദര്‍ ആരുമാകട്ടെ എന്നും മണിരത്നം ചിത്രങ്ങളുടെ ദൃശ്യപരിചരണം സവിശേഷമാണ്. പലപ്പോഴും ചിത്രത്തിന്റെ, പ്രമേയ ബലഹീനതകളെ വര്‍ണ്ണ പുതപ്പുകളില്‍ സമര്‍ത്ഥമായി അദ്ദേഹം മൂടിവെച്ചു. അധികമാരും ശ്രദ്ധിച്ചില്ലെങ്കിലും അത്തരം ബലഹീനതകള്‍ മറനീക്കി പുറത്തുവന്നത് വല്ലപ്പോഴുമൊരിക്കല്‍ മണിരത്നം മറ്റ് സംവിധായകര്‍ക്കുവേണ്ടി എഴുതിയപ്പോഴായിരുന്നു. മണിരത്നം ചിത്രങ്ങളെപ്പോലെ പ്രകാശവും നിറങ്ങളും നൃത്തമാടാതിരുന്ന ഭാരതിരാജയുടെ സംവിധാനത്തില്‍ എ.ആര്‍ റഹ്മാന്റെ മികച്ച ഗാനങ്ങള്‍ ഉണ്ടായിരുന്നിട്ടും 1999-ല്‍ 'താജ് മഹല്‍ ' എന്ന മെലിഞ്ഞുണങ്ങിയ കഥാരൂപം ബോക്സ് ഓഫീസില്‍ വീണുടഞ്ഞു.

സാങ്കേതിക വിദഗ്ദരിലുള്ള അതിരുകടന്ന വിശ്വാസമാവണം 'രാവണന്‍'പോലൊരു സൃഷ്ടിക്കുപുറകില്‍ . സ്വപ്നസമാനമായ ആ ടീമിനുപോലും (സന്തോഷ്‌ ശിവന്‍ - എ.ആര്‍ റഹ്മാന്‍ - ശ്രീകര്‍ പ്രസാദ്‌) രക്ഷപ്പെടുത്തുവാന്‍ കഴിയാത്തത്രയും ബലഹീനമായൊരു ആശയമാണ് 'രാവണന്റെ'ത്.

പുരാണ കഥകള്‍ക്ക് മണിരത്നം മുന്‍പും പുതിയ ഭാഷ്യങ്ങള്‍ ചമച്ചിട്ടുണ്ട്. 'ദളപതി'യെന്ന ചിത്രത്തിന്റെ പരസ്യപ്രചാരണങ്ങള്‍ പോലും 'സൂര്യയും ദേവയും' മഹാഭാരതത്തിലെ 'ദുര്യോധനനും കര്‍ണ്ണനു'മാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു. സൂക്ഷ്മദൃഷ്ടിയില്‍ ‍, 'റോജ'യുടെ കഥയില്‍ 'സത്യവാന്‍ സാവിത്രി'യുടെ അനുരണനങ്ങള്‍ ഒളിഞ്ഞിരുക്കുന്നത് കാണാം.

നിറയെ കഥാപാത്രങ്ങളും ഉപകഥകളുമുള്ള 'രാമായണ'ത്തിന്റെ പ്രത്യക്ഷ ശരീരത്തില്‍ നിന്ന് കേവലം മുഖ്യകഥാപാത്രങ്ങളെ പുതിയ കാലത്തില്‍ ആരോപിക്കുക മാത്രമാണ് മണിരത്നം ചെയ്യുന്നത്. ചിത്രം കാണുന്ന ബഹുഭൂരിപക്ഷത്തിനും ആശയം അറിവുള്ളതല്ലേ എന്ന് കരുതിയിട്ടാണോ എന്തോ കഥാപാത്ര നിര്‍മ്മിതിയില്‍ കാര്യമായ പിശുക്ക്‌ കാണിക്കുന്നുണ്ട് രചയിതാവ്‌. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു പത്രത്തിലെ ഒരു തട്ടികൊണ്ടുപോകല്‍ വാര്‍ത്തയിലെ ആഴവും പരപ്പും മാത്രമേ ഈ കഥയിലെ കഥാപാത്രങ്ങള്‍ക്കുള്ളൂ. രാമായണത്തിന്റെ പുതിയ വായന എന്ന വലിയ കാര്യങ്ങള്‍ നമുക്ക്‌ തല്‍ക്കാലം മറക്കാം. എങ്കിലും ഗോവിന്ദയേയും, കാര്‍ത്തിക്കിനേയും വാലില്ലാത്ത കുരങ്ങനാക്കി കളിപ്പിച്ചത് സാക്ഷാല്‍ ആഞ്ജനേയനുപോലും ക്ഷമിക്കുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

വിദേശഭാഷാചിത്രങ്ങളില്‍ , പ്രത്യേകിച്ചും ഇംഗ്ലീഷ് ചിത്രങ്ങളില്‍ പ്രമുഖ മേഖലകളെപ്പോലെ തന്നെ പ്രധാനമായ ഒന്നാണ് താരനിര്‍ണ്ണയം (casting). ഒരു ചിത്രത്തിലെ താരനിര്‍ണ്ണയത്തിന് മാത്രമായി ചിലപ്പോള്‍ ഒരു സംഘം തന്നെ ഉണ്ടായെന്നും വരാം. ചലച്ചിത്രങ്ങളില്‍ താരനിര്‍ണ്ണയത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ ഇരുഭാഷകളിലായി പുറത്തിറങ്ങിയ 'രാവണന്മാരെ' മാത്രം ഒന്ന്‍ നിരീക്ഷിച്ചാല്‍ മതി. രംഗഘടനയില്‍ , രൂപകല്പനയില്‍ ഒന്നായ രണ്ട് ചിത്രങ്ങള്‍ വേര്‍തിരിയുന്നത് മുഖ്യ കഥാപാത്രങ്ങളുടെ സാംസ്കാരിക പശ്ചാത്തലത്തിലും അഭിനേതാക്കളിലുമാണ്. ഇതില്‍ 'പണ്ടേ ദുര്‍ബല പോരാത്തതിന് ഗര്‍ഭിണി' എന്നു പറഞ്ഞതുപോലെയാണ് ഹിന്ദി പറയുന്ന 'രാവണ്‍ ', അഭിഷേക് ബച്ചന്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ മോശമാക്കിയിട്ടുണ്ട്. ചിത്രം വളരെ തണുത്ത പ്രതികരണം നേടുകയും ചെയ്യുന്നു. അതേ സമയം തമിഴന്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ സ്വീകരിക്കപ്പെടുന്നുണ്ട്‌. മണിരത്നംപോലെ ഒരു സംവിധായകനുപോലും താരനിര്‍ണ്ണയത്തില്‍ പിഴവ്‌ പറ്റുന്നു എങ്കില്‍ സൂപ്പര്‍ താരങ്ങളുടേയും അവരുടെ പിണിയാളുകളുടെയും വാലില്‍ തൂങ്ങുന്ന മലയാള ചിത്രങ്ങളെക്കുറിച്ച് ഇക്കാര്യത്തില്‍ ചിന്തിക്കാതിരിക്കുകയാവും ഭേദം.

രൂപത്തിലും ചേഷ്ടകളിലും വിക്രം തന്റെ തന്നെ പഴയ കാല കഥാപാത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌. ഇരുഭാഷകളിലും ഇരുകഥാപാത്രങ്ങളിലൂടെയുള്ള ഈ വരവ്‌ കൌതുകകരമായി തോന്നി. കോമഡി രംഗങ്ങള്‍ ചിത്രത്തില്‍ ഇല്ലാതിരുന്നതുകൊണ്ട് പൃഥ്വിരാജ് മോശമായില്ല. ഇരുചിത്രങ്ങളിലും ശ്രദ്ധേയമായൊരാള്‍ പ്രിയാമണിയാണ്.

ചിത്രത്തിന്റെ ചിത്രസംയോജനമാണ് പാളിയതെന്നും അല്ലെങ്കില്‍ അഭിഷേക് ബച്ചന്‍ ഒരു സംഭവമായേനെ, എന്നും അച്ഛന്‍ ബച്ചന്‍ പറഞ്ഞതായി വായിച്ചു. 'കരുണാകര വാല്‍സല്യം' എന്ന പ്രതിഭാസം കേരളത്തില്‍ മാത്രമല്ലെന്നും അതിന് ഇന്ത്യയില്‍ പലയിടത്തും പല മേഖലയിലും ഇനിയുമേറെ വിളങ്ങുവാനുണ്ടെന്നും മനസ്സിലായി. എന്തായാലും, പറഞ്ഞത് 'ബിഗ്‌ ബി'യാണല്ലോ എന്നുപോലും ശങ്കിക്കാതെ സന്തോഷ്‌ ശിവന്‍, വിക്രം മുതലായവര്‍ കൃത്യമായി മറുപടി നല്‍കിയത്‌ ഉചിതമായി.

മണിരത്നം ചിത്രത്തിന്റെ സാങ്കേതിക വിഭാഗങ്ങളെക്കുറിച്ച് എടുത്ത്‌ എഴുതേണ്ട കാര്യമില്ല. ഭേദപ്പെട്ട് പണിയെടുക്കുന്നവനും അവിടെ കാര്യമായി വിയര്‍പ്പൊഴുക്കേണ്ടിവരും, വിയര്‍പ്പൊഴുക്കിയിട്ടുമുണ്ട്. പക്ഷേ അടിസ്ഥാന ശിലയില്ലാത്ത ആശയങ്ങള്‍ക്ക് മുകളിലെ വിയര്‍പ്പ് പാഴായി പോകുകയേ ഉള്ളൂ.

മണിരത്നം എന്ന സംവിധായകനെ എനിക്കിപ്പോഴും ഏറെ ബഹുമാനമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ എന്റെ ആദ്യ ചെന്നൈ യാത്രയില്‍ ഞാന്‍ മറക്കാതെ ചെയ്തൊരു കാര്യം അണ്ണാശാലയിലെ 'രാജ് വീഡിയോ വിഷനി'ല്‍ പോയി പഴയ കാല മണിരത്നം ചിത്രങ്ങളെല്ലാം തപ്പിയെടുക്കുകയായിരുന്നു. 'രാവണനി'ലെ ചില ദൃശ്യഖണ്ഡങ്ങളെങ്കിലും എന്നെ ആകര്‍ഷിച്ചു എന്നതാണ് സത്യവും. ഇത്രയും വലിയ, മുതല്‍മുടക്കുള്ള ഒരു ചിത്രം ഇനി എടുക്കില്ല എന്നാണ്, മണിരത്നം ചിത്രം പുറത്തിറങ്ങും മുന്‍പ്‌ പറഞ്ഞത്. ഞാന്‍ കാത്തിരിക്കുന്നു, സാങ്കേതിക തികവിന്റെ തച്ചുശാസ്ത്രം മാത്രമായി അധ:പതിക്കാത്ത ഒരു മണിരത്നം ചിത്രത്തിനായി...

ആകെത്തുക: മിഴിവാര്‍ന്ന ദൃശ്യങ്ങള്‍ മണിരത്നം ചിത്രങ്ങളുടെ മുഖമുദ്രയാണ്. അത്തരം ദൃശ്യങ്ങളുടെ ഘോഷയാത്രകള്‍ നല്ല ചലച്ചിത്രമാവണമെന്നില്ല. തമിഴന്‍ 'രാവണനെ' ഒരു നോക്ക് കണ്ടുകൊള്ളൂ. എങ്കിലും ഹിന്ദി 'രാവണ്‍ ' ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.